ന്യൂഡൽഹി: കേരളത്തിൽ ഇത്തവണ 2.70 കോടി വോട്ടർമാരാണുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷർ ഗ്യാനേഷ് കുമാർ. 4.24 ലക്ഷം പേർ പുതിയ വോട്ടർമാരും 100 വയസിന് മുകളിൽ 1571 വോട്ടർമാരാണുള്ളത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന വേളയിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷർ ഇക്കാര്യം വ്യക്തമാക്കിയത്.
30471 പോളിംഗ് സ്റ്റേഷനുകളാണ് കേരളത്തിലുണ്ടാകുക. ഏപ്രിൽ ഒൻപതിനായിരിക്കും തെരഞ്ഞെടുപ്പ്. മേയ് നാലിന് വോട്ടെണ്ണലും നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. പത്രിക സമർപ്പണം 23ന് അവസാനിക്കും. 24ന് സൂക്ഷമ പരിശോധനയും നടക്കും. വലിയ ജനാധിപത്യ ഉത്സവമാണ് തെരഞ്ഞെടുപ്പെന്നും അതിൽ എല്ലാവരും പങ്കാളിയാകണമെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു. സുതാര്യവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുമെന്നും കമ്മീഷൻ വ്യക്തമാക്കി.